ഭാര്യ കുഞ്ഞിനെ ഉറക്കുന്നു. കുഞ്ഞു ഏറെ കുറെ ഉറങ്ങിയമട്ടാണ് ,
ഇനീം എന്തിനാണ് അവൾ അവിടെ കിടക്കുന്നത്
എടീ ..എടീ പോയ് ചോറ് വിളമ്പു , എനിക്ക് വിമൻസ് ഡേ യെ പറ്റി ഒരു ബ്ലോഗ് എഴുതാനുണ്ട്
(പക്ഷെ ഇത് വായിച്ചു താങ്കള് ചിരിക്കണ്ട . കാരണം ഞാൻ ചോറ് വിളമ്പാൻ മാത്രമേ പറഞ്ഞുള്ളൂ. ചോറ് ഉണ്ടാക്കിയത് ഞാൻ, കറി റെഡി ആക്കിയത് ഞാൻ, നാളെ ഭാര്യക്ക് ഉള്ള സ്നാക്ക്സ് വരെ അരിഞ്ഞു വച്ചിട്ടുണ്ട് ...ബുഹു ഹ ഹ )
സോറി , വെറുപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞതാണ് . താങ്കള് ഭാര്യയെ സ്നേഹിക്കുകയും , സഹായിക്കുകയും (സ്നേഹിക്കുന്ന വ്യക്തി ഉറപ്പായും സഹായിക്കുന്ന വ്യക്തി ആയിരിക്കണം എന്നാണു തിയറി , പക്ഷെ അതല്ലല്ലോ നടക്കുന്നത് . അത് കൊണ്ടാണ് സഹായം എന്ന് എടുത്തു എഴുതിയിരിക്കുന്നത് ) ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഈ കോഞ്ഞാട്ട പോസ്റ്റ് വായ്ച്ചു സമയം കളയണം എന്നില്ല . ഇനി അങ്ങനെ ഉള്ള ഒരാളല്ല താങ്കള് എങ്കിൽ , ഈ പോസ്റ്റ് വായിക്കണം എന്ന് ആജ്ഞാപിക്കുന്നു .
ഇതു എഴുതാനുള്ള ആര്ജവം ഫേസ്ബുക്കിൽ ഷെയർ ചെയ്തു കണ്ട ഒരു പോസ്റ്റ് ആണ് , ഭര്തൃ വീട്ടിലേക്കു പോകുന്ന നവവധുവിനുള്ള കോഡ് ഓഫ് കോണ്ടെക്റ്റ് ആയിരുന്നു സാധനം, അത് വായിച്ചപ്പോൾ തന്നെ ഇത് പോലെ ഒരെണ്ണം എഴുതണം എന്ന് വിചാരിച്ചതാണ് . പക്ഷെ എനിക്ക് പറയാനുള്ളത് പുരുഷന്മാരോടാണ് . ഞാനീ പറയുന്നത് എന്റെ പെണ്ണുണ്ണി സ്വഭാവം കൊണ്ട് മാത്രമല്ല , സന്തോഷ ദാമ്പത്യ ജീവിതത്തിലെ അതികായരായ അനേകം പുരുഷ രത്നങ്ങൾ ശരി വച്ച കാര്യങ്ങൾ ആയതു കൊണ്ടാണ് . അപ്പോൾ തുടങ്ങുവല്ലേ ...
ഇതാണ് സാധനം, നവ വരന്മാര്ക്കുള്ള " കോഡ് ഓഫ് കോണ്ടുക്റ്റ് "
1) "മറ്റു സാഹചര്യങ്ങളിൽ വളര്ന്ന കുട്ടിയാണ് , പതിയെ പറഞ്ഞു നമ്മുടെ രീതിയിൽ ആക്കണം "
ഈ ഉപദേശം കേട്ടിട്ടില്ല എന്ന് കരുതണം. സ്വഭാവ രൂപീകരണം നടന്ന ഒരു സ്ത്രീ ആണ് നിങ്ങള്ടെ ഭാര്യ , അല്ലാതെ 6 വയസുകാരി പെണ്കുട്ടി അല്ല . ഒരു വ്യക്തിക്ക് അയാളെ അയാള് ആക്കുന്ന സ്വഭാവം സ്ഥിരമായി മാറ്റാൻ കഴിയില്ല . അങ്ങിനെ ശ്രമിച്ചാൽ അത് അധിക കാലം അങ്ങിനെ തുടരില്ല
അടിച്ചൊതുക്കി നിങ്ങള്ടെ വീട്ടിലെ രീതിയിൽ ആക്കാൻ ശ്രമിച്ചാൽ , നിങ്ങള്ക്ക് ഒരു ജീവിത പങ്കാളി യെ ഒരിക്കലും കിട്ടില്ല , നിങ്ങളോടും നിങ്ങള്ടെ കുടുംബത്തോടും ഉള്ളിൽ അമര്ഷം ഉണ്ടാക്കാനേ അത് ഉതകൂ .
2) നിങ്ങള്ടെ ഭാര്യയെ അവൾ ആരാണോ ആ ആളായി തന്നെ കാണാൻ പഠിക്കണം.
അതായത് അവളുടെ ഇഷ്ടങ്ങൾ ചോദിച്ചും വീക്ഷിച്ചും അറിഞ്ഞു . അത് നടപ്പാക്കാൻ സഹായിക്കുകയോ, നടപ്പാക്കി കൊടുക്കുകയോ വേണം. ഇത് അത്ര എളുപ്പമല്ല , വീട്ടുകാർ, ബന്ധുക്കൾ എല്ലാവരുടെയും മുന്നില് പെണ്ണിനെ വരുതിയിൽ നിരത്തുന്ന ആണായി വിളങ്ങാൻ വലിയ സമ്മര്ദ്ദം ഉണ്ടാവും . പക്ഷെ ഇത് വെറും ഗ്യാസ് ആണെന്നുള്ള ബോധം വേണം . മറ്റുള്ളവരുടെ മുന്നില് ഒരു ഇമേജ് ഉണ്ടാക്കാനുള്ള ഒരു ദുര്ബലന്റെ ദീനരോദനം മാത്രമാണ് പുരുഷ മേധാവി ചമയൽ.
3) വിരുന്നു പോകുമ്പോഴും മറ്റും, ഭാര്യക്ക് പ്രത്യേകം കരുതൽ കൊടുക്കണം. നിങ്ങള്ടെ ബന്ധുക്കൾ നവവധുവിന് അന്യരാന് . അവരുടെ ഇടയില നിൽക്കുമ്പോൾ നിങ്ങള്ടെ ഭാര്യക്ക് നിങ്ങൾ മാത്രമാണ് സപ്പോര്ട്ട്. സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും പരമാവധി അവളെ ഉള്കൊള്ളിക്കണം . നിങ്ങള്ടെ ഒരു കൂട്ടുകാരനെ നിങ്ങള്ടെ ബന്ധുക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ നിങ്ങൾ എങ്ങിനെ പെരുമാറുന്നോ , അതിലും ശ്രദ്ധ ഈ കാര്യത്തിൽ വേണം.
4) ദമ്പതികൾ ഒരുമിച്ചു വേറെ താമസിക്കുന്നതാണ് ഏറ്റവു നല്ലതു. ബന്ധങ്ങള്ടെ ഊഷ്മളത നിലനിര്താൻ അതാവും ഏറ്റവും മെച്ചം. (ഇത് അത്ര പ്രായോഗികം അല്ല എന്ന് അറിയാം )
5) നിങ്ങള്ടെ അച്ഛനും അമ്മയ്ക്കും വച്ച് വിളമ്പാനുള്ള വേലക്കാരി അല്ല ഭാര്യ. നിങ്ങള്ടെ അച്ഛനും അമ്മയും നിങ്ങള്ടെ മാത്രം ഉത്തരവാദിത്വം ആണ് . അവര്ക്ക് വച്ച് വിളമ്പുന്നത് നിങ്ങള്ടെ ജോലി ആണ്. ഭാര്യയോടു അതിൽ നിങ്ങളെ സഹായിക്കാമോ എന്ന് ചോതിക്കുന്നത് മാത്രമാണ് ന്യായം. അത് കൊണ്ട് കുറച്ചു പാചകം പഠിച്ചേ തീരൂ .
6) വീട്ടുജോലികൾ ചെയ്യുന്നത് പെണ്ണിന്റെ മാത്രം ജോലി അല്ല. ഉദ്യോഗസ്ഥ ആയ ഭാര്യ ആണെങ്കിൽ ഇത് വളരെ പ്രധാനപെട്ടതാണ് . വീട്ടുജോലികൾ 50 % നിങ്ങൾ ചെയ്തെ പറ്റൂ. എങ്കിലെ നിങ്ങള്ടെ ഭാര്യക്ക് നിങ്ങളോടും മക്കളോടും ഒത്തു ചിലവാക്കാൻ ഒഴിവു സമയം ഉണ്ടാവൂ. ഇതില്ലെങ്കിൽ നിങ്ങൾ കുടുംബ ജീവിതം ആസ്വദിക്കുന്നില്ല എന്നതാണ് സത്യം.
7) ഇതൊന്നും ചെയ്യാൻ എനിക്ക് മനസ്സില്ല. എന്റെം എന്റെ വീടുകാരുടെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്ണിനെ മതി എനിക്ക് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് , എങ്കിൽ ഒന്നേ പറയാനുള്ളൂ ,,
ഈ കളിക്ക് മോന് പ്രായം ആയിട്ടില്ല...പോ .. മടങ്ങി ... പോ

No comments:
Post a Comment