Sunday, March 13, 2011

മുതല പുരാണം

10 ഇഞ്ച്‌ കാല്‍പാദം, അതിനൊത്ത കൈത്തലം, കൂരോപ്പട പഞ്ചായത്തിലെ മൊത്തം എയര്‍ വലിച്ചു കയറ്റിയ പോലെ ഉള്ള നെഞ്ചും കൂട്. മൊത്തത്തില്‍ ഒരു അന്താരാഷ്‌ട്ര നീന്തല്‍ താരത്തിനുള്ള എല്ലാ വിധ ഗുണ ഗണങ്ങളും എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷെ, ശൈശവത്തില്‍ മുട്ടില്‍ നീന്താന്‍ വരെ മടി കാണിച്ചിരുന്ന ഈ എന്നെ കൊണ്ടേ സിമ്മിംഗ് പൂളില്‍ ഇടാന്‍ വീട്ടുകാര്‍ മുതിര്‍ന്നില്ല. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മടി കാരണം നീന്താതെ കിടക്കുകയും, തന്മൂലം മുങ്ങി മരിക്കുകയും ചെയ്യും എന്ന് അവര്‍ പേടിച്ചു കാണും.

പിന്നെ നല്ലൊരു നീന്തല്‍ കുളത്തിന്റെ അഭാവവും ചെന്നാമറ്റത്തിനു ഉണ്ടായിരുന്നു. ഞങ്ങള്‍ടെ ഭാഗത്തെ ഏറ്റവും വല്ല്യ ജലാശയം ഞങ്ങള്‍ടെ വീടിനരികത്തൂടെ ഒഴുകുന്ന ഒരു തോട് ആണ്. അതാണെങ്കില്‍ നീന്താന്‍ ഒട്ടും സുരക്ഷിതവും അല്ല. വാഴക്കാവരയന്‍, മണ്ണുമാന്തി, പൂഞ്ഞാന്‍, വട്ടോന്‍ എന്ന ഭീകര മത്സ്യങ്ങളും, വെള്ളത്തിലാശാന്‍ എന്ന മാരക ജീവിയും അടക്കി വാണിരുന്ന ആ തോട്ടില്‍, മഴ കാലത്ത് മുട്ടൊപ്പം വെള്ളം എത്തിയിരുന്നു.

പിന്നീട് മുന്നോട്ടുള്ള ജീവിതത്തില്‍ കേരളത്തിന്റെ പല ഭാഗത്തുള്ള ജലാശയങ്ങള്‍ സന്ദര്‍ശിക്കുകയും അവയില്‍ പലതിലും മുങ്ങി മരണത്തിന്റെ അടുത്ത് വരെ പോവുകയും സ്വയ സഹായത്താലും, പര സഹായത്താലും തിരിച്ചു വരികയും ചെയ്തു. അപ്പോഴും എന്റെ ഉള്ളിലെ നീന്തല്‍ താരം ഒരു മടിയനെ പോലെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതം എന്നെ വീണ്ടും ഒരു വിദ്യാര്‍ഥി ആക്കി. ഇനി ഉള്ള കഥ നടക്കുന്നത് തിര്വന്തോര്വത്താണ് . പുതിയ സ്ഥലത്തെ നമ്മുടെ സുഹൃത്ത് ഒരു ദിവസം പറഞ്ഞു..

' എടാ ജിറ്റുവേ, ഇവിടെ ഒരു സിമ്മിംഗ് പൂള്‍ ഒണ്ടു , നീ വരുന്നോ നീന്താന്‍ '

ങേ..എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന നീന്തല്‍ താരം അലാറം കേട്ട പോലെ ചാടി എഴുന്നേറ്റു..
ഞാന്‍ പറഞ്ഞു 'എടാ എനിക്ക് നീന്താന്‍ അറിയില്ല '
'അത് കൊഴപ്പമില്ല നീ ആഴമില്ലാത്ത സ്ഥലത്ത് ഇറങ്ങിയാല്‍ മതി. പയ്യെ പയ്യെ പഠിച്ചോളും' . അവന്‍ തന്റെ വിജ്ഞാനകോശം തുറന്നു.

വിവരം ഉള്ളവര്‍ പറയുന്നത് കേള്‍ക്കണമല്ലോ, ഞാന്‍ അനുസരിച്ച്. ഒരു മണിക്കൂര്‍ സമയം അവര്‍ സിമ്മിംഗ് പൂളില്‍ അനുവദിക്കും 10 രൂപ ആണ് ചാര്‍ജ്. പക്ഷെ അവിടെ ചെന്നപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്‌. കൌണ്ടറില്‍ കൈലി ഉടുത്തു ഇരുന്നിരുന്ന ചേട്ടന്‍ ചോദിച്ചു
'സ്വിം ട്രങ്ക്സ് ഇല്ലെടെയ് ? .'

ചേട്ടന്റെ ലുക്കും , സ്ഥലം നമ്മുടെ നാടും ആയതു കൊണ്ട് ഈ ഒരു പേര് ഞാന്‍ അത്ര പ്രതീക്ഷിച്ചില്ല.. ഇനി ചോദിച്ചത് എന്നതാണെന്ന് എനിക്ക് മനസ്സിലായില്ല എന്ന് അവര്‍ കരുതണ്ട , കോട്ടയത്തിന്റെ മാനം കാക്കണമല്ലോ.. രണ്ടും കല്പിച്ചു ഞാന്‍ തട്ടി വിട്ടു

' ഉണ്ടായിരുന്നു പക്ഷെ വേണ്ടാന്നു വച്ച് ...'

എന്തിരെടെ ഈ പയിലെ പറയണത് .. ഡേയ് പോയി സ്വിം ട്രങ്കുമായി വാടെയ്...ചേട്ടന്‍ കലിപ്പായി

രക്ഷ ഇല്ലാ , നേരെ ഒരു ഓട്ടോ വിളിച്ചു പാഞ്ഞൂ , പാളയത്തിനു അടുത്ത് ഒരു സ്പോര്‍ട്സ് സ്റ്റോര്‍ ഉണ്ട്. അവിടെ എത്തി. കടയില്‍ നിന്ന ചേട്ടന്‍ നീന്തല്‍ കുളങ്ങള്‍ കീഴടക്കാനുള്ള രാജാവിനെ കണ്ടെന്ന പോലെ 500 രൂപ വിലയുള്ള ഒരു നിക്കര്‍ എടുത്തു തന്നു.
' അതേയ് ഇത്രേം കൂടിയത് വേണ്ട' ഞാന്‍ പറഞ്ഞു.. 'ഇത് സ്ഥിരം ഇട്ടോണ്ട് നടക്കാനൊന്നും പോകുന്നില്ല'.

കയ്യില്‍ 500 ന്റെ സ്വിം ട്രങ്ക് മായി നിന്നു ഞാന്‍ ചര്‍ച്ച ആരഭിച്ചു . കടയുടെ ഭിത്തിയിലെ ക്ലോക്ക് ന്റെ മിനിറ്റ് സൂചി 1 ഇല്‍ നിന്നു മൂന്നിലെത്തി. ഇപ്പോള്‍ എന്റെ കയ്യില്‍ ഇരിക്കുന്നതും ഒരു സ്വിം ട്രങ്ക് ആണ്. വില 60 രൂപ. വിലയിലെ ദാരിദ്ര്യം അതിലെ തുണിയുടെ അളവിലും കാണാനുണ്ട് . കുഴപ്പമില്ല..ഇതൊക്കെ മതി..

അങ്ങിനെ സ്വിമ്മിംഗ് പൂളിന്റെ അടുത്തെത്തി. 50m നീളമുള്ള പൂള്‍ രണ്ടായി ഒരു കയര്‍ വലിച്ചു മാര്‍ക്ക്‌ ചെയ്തിരിക്കുന്നു. 6 അടിയില്‍ കൂടി ആഴമുള്ള ഭാഗവും അതിലും ആഴം കുറഞ്ഞ ഭാഗവുമായി. ആഴം കൂടിയ ഭാഗം കണ്ടാല്‍ ഒരു അന്താരാഷ്‌ട്ര ലുക്ക് ഉണ്ടു. ഒരു ഫെല്‍‌പ്സ് ഉം, രണ്ടു തോര്‍പ്പ് മാരും അവിടെ നീന്തി മരിക്കുന്നു.

ആഴം കുറഞ്ഞ ഭാഗം കര്‍ക്കിടക മാസത്തിലെ റബ്ബര്‍ ചിരട്ട യെ അനുസ്മരിപ്പിക്കുന്നു . ഇത്തിരി വെള്ളത്തില്‍ കൂത്താടി കളെ പോലെ കുറെ അഭിനവ നീന്തല്‍ താരങ്ങള്‍ തലങ്ങും വിലങ്ങും ഞൊളക്കുന്നു അല്ല നീന്തലിന്റെയും , നടത്ത ത്തിന്റെയും ഇടയ്ക്കുള്ള ഒരു പ്രത്യേക രീതി അവലംബിച്ചിരിക്കുന്നു.

ആരുടേയും പുറത്ത് ചവിട്ടാതെ എങ്ങിനെ നീന്തല്‍ കുളത്തിലേക്ക് ഇറങ്ങും എന്ന് ഞാന്‍ ആലോചിച്ചു നിക്കുമ്പോ നമ്മുടെ സുഹൃത്ത് തയ്യാറായി വരുന്നു.

' ഛെ, ഇവിടെ ആകെ തിരക്കാണല്ലോ..ഞാന്‍ എന്നാല്‍ ഡീപ് സോണ്‍ ഇല്‍ പോയി നീന്താന്‍ പോകുവാ..' അവന്‍ ഗമയില്‍ തട്ടിവിട്ടു. വെള്ളത്തിലേക്ക് ചാടും മുന്‍പ് ആശാന്‍ തിരിഞ്ഞു ഒന്ന് ഉപദേശിച്ചു..

' എടാ..ആഴം കുറഞ്ഞ ഭാഗത്തെ ഇറങ്ങാവൂ.. '

ശരി ഗുരോ..എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു..എന്നിട്ട് അവനെ ആരാധനയോടെ നോക്കി നിന്നു.

ആശാന്‍ കൈകള്‍ വിരിച്ചു , ഒന്ന് ശ്വാസം വിട്ട ശേഷം.. ഡൈവ് ചെയ്യാന്‍ തയാറായി നില്‍ക്കുന്നു..

ഡൈവ് ചയ്യ്ന്നത് എങ്ങിനെ എന്ന് കാണാന്‍ ഞാന്‍ അവനെ സസൂക്ഷ്മം നോക്കി കൊണ്ട് നിക്കുകാണ്. ആശാന്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി , ഒറ്റ ഡൈവ്. കൈയും തലയും ആദ്യം വെള്ളത്തില്‍ എത്തണ്ട പോസിന് പകരം, ആശാന്‍ ലങ്കാ ദഹനത്തിലെ ഹനുമാന്‍ പോസില്‍ ഇല്‍ വെള്ളത്തിലേക്ക് പതിച്ചു. നനച്ച കള്ളി മുണ്ട് അലക്ക് കല്ലേല്‍ അടിച്ച പോലെ ഒരു ശബ്ദം അവിടം മുഴുവന്‍ മാറ്റൊലി കൊണ്ടു.

വീണത്‌ തനിക്കൊരു പ്രശ്നമല്ല എന്ന ഭാവത്തില്‍ ആ പുരുഷ രത്നം നീന്തല്‍ ആരംഭിച്ചു. കയ്യും കാലും അതി വേഗതയില്‍ ചലിക്കുന്നെങ്കിലും മുന്‍പോട്ടുള്ള പ്രയാണം ഒച്ചിന്റെ പോലെ ആയിരുന്നു. അധികം വൈകാതെ തന്നെ നീന്തല്‍ സ്ട്രോക്ക് കള്‍ കൂവീച്ചയെ ആട്ടാനെന്ന പോലെ ആയി മാറി.

അപ്പോള്‍ സംഭവം എനിക്ക് മനസ്സിലായി , എന്റെ സുഹൃത്ത് ഒരു ടായ്ടാനിക് ആയി മാറുകയാണ്.

എനിക്കെത്രയും പെട്ടന്ന് അവനെ സഹായിച്ചേ മതിയാകൂ. പക്ഷെ മനസ്സില്‍ ഒരു വടം വലി നടക്കുകയാണ്. 101 വിളിച്ചു ഫയര്‍ ഫോഴ്സ് നെ വരുത്തണോ..അതോ കുറച്ചു വെയിറ്റ് ചെയ്തു ഒരു തീരുമാനമായ ശേഷം 102 വിളിച്ചു ആംബുലന്‍സ് പറഞ്ഞാല്‍ മതിയോ..

14 comments:

Unknown said...

kurachude wait cheytituu oru petti order cheyta matiii .....

jittu said...

ha..ha.. thanks Aby

Moviesonline said...

Hallo Kidillan chetto ...adipan thattupolippan ... no words ... ithu sabu annano, alexettano atho jeesel bhaiyo..?

jittu said...

Antappa,

Nee Prashnangal undakkaathedaa..ithile kadhapaathram verum saankalppikam maathram :)

ajai said...

ha ha...adippan

jittu said...

Thanks aliyaa..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Mahesh | മഹേഷ്‌ ™ said...

മഴ കാലത്ത് മുട്ടൊപ്പം വെള്ളം എത്തിയിരുന്നു..
ആഴം കുറഞ്ഞ ഭാഗം കര്‍ക്കിടക മാസത്തിലെ റബ്ബര്‍ ചിരട്ട യെ അനുസ്മരിപ്പിക്കുന്നു..
നനച്ച കള്ളി മുണ്ട് അലക്ക് കല്ലേല്‍ അടിച്ച പോലെ ഒരു ശബ്ദം ..

-കിടിലം പ്രയോഗങ്ങള്‍

ദയവു ചെയ്തു അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുക

jittu said...

Thanks da KA...

Unknown said...

Athe athe......sankalpam..... edo Jittuve.......!!!!!!!!

jittu said...

ha..ha..Nithish. Thanks for the comment

gijo chacko said...

ashannneeeeee ashan oru sambhavam thanne......

jittu said...

Thanks da Chackochaa..